എരുമേലി: എരുമേലി-മുക്കട റോഡിൽ തേക്ക് മരം വീണ് ഗതാഗതവും വൈദ്യുതി വിതരണവും മുടങ്ങി. ഇന്നലെ പുലർച്ചെ രണ്ടരയോടെ കനകപ്പലം ജംഗ്ഷനിലാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് റോഡിന് കുറുകെ കിടന്ന വലിയ തേക്ക് മരം മുറിച്ചു നീക്കിയത്. കെഎസ്ഇബി എരുമേലി സെക്ഷനിലെ ജീവനക്കാർ ചേർന്ന് പൊട്ടിയ ലൈനുകളും ഒടിഞ്ഞു വീണ പോസ്റ്റും നീക്കി. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
ഇതിനോടകം നിരവധി തവണയാണ് ഈ പാതയിൽ മരങ്ങൾ വീണ് അപകടങ്ങൾ സംഭവിക്കുന്നത്. പാതയുടെ ഇരുവശങ്ങളും വനമാണ്. വനത്തിലെ പഴക്കം ചെന്നതുൾപ്പെടെയുള്ള മരങ്ങൾ റോഡിലേക്ക് വീഴാറായ നിലയിലാണ്. കഴിഞ്ഞയിടെ ഉണങ്ങിയ മരം വീണ് ഏഴ് വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. പല തവണ പരാതികൾ വനം വകുപ്പിൽ നേരിട്ടും തപാലിലും നൽകിയിട്ടും മരങ്ങളുടെ ചില്ലകൾ പോലും മുറിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി എരുമേലി, മണിമല സെക്ഷൻ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, നിലവിൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും മരങ്ങൾ മുറിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുക്കമാണെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ദിലീഫ് പറഞ്ഞു. കഴിഞ്ഞയിടെയാണ് കനകപ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടമുണ്ടായത്.